കോഴിക്കോട്: ആകാംക്ഷയ്ക്ക് വിരാമമിട്ട് വടകര സബ് ട്രഷറി ഓഫീസിലെ നൂറ്റാണ്ട് പഴക്കമുള്ള നിലവറ തുറന്നു. ഏകദേശം ഒരുമീറ്റര്‍ നീളവും മുക്കാല്‍ മീറ്ററോളം വീതിയുമുള്ള ഇരുമ്പ് അറയ്ക്കുള്ളില്‍ ഒന്നും ഉണ്ടായിരുന്നില്ല.
ബ്രിട്ടീഷ് ഭരണകാലത്ത് താലൂക്കിന്റെ ആസ്ഥാന കേന്ദ്രമായിരുന്നു സബ് ട്രഷറി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം.
ബ്രിട്ടീഷ് ഭരണകാലത്ത് കറന്‍സികളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കുന്നതിനായാണ് ഇത്തരം ഇരുമ്പറകള്‍ നിര്‍മിച്ചിരുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ നിലവറ ആരും തുറന്നിരുന്നില്ല.താലൂക്ക് ഓഫീസ് ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന ഈ കെട്ടിടം തീപിടിച്ച് നശിച്ചിരുന്നു. പുതിയ കെട്ടിടം നിര്‍മിക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടം പൊളിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുകയാണ്.
അമൂല്യ വസ്തുക്കള്‍ ഉള്‍പ്പെടെ നിലവറയ്ക്കുള്ളില്‍ ഉണ്ടായിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഏവരും. രാവിലെ 11.20 ഓടെയാണ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള സംഘം നിലവറ പൊളിച്ച് പരിശോധന നടത്തിയത്. പണ്ടുകാലത്ത് മോഷ്ടാക്കളില്‍നിന്നും രക്ഷനേടാനായി ഇത്തരം ഇരുമ്പറകള്‍ നിര്‍മിച്ച് ഉപയോഗിച്ചിരുന്നതായി അസി. ജില്ലാ ട്രഷറി ഓഫീസര്‍ ടി. അബ്ദുള്‍ റഷീദ് പറഞ്ഞു.
കോഴിക്കോട് പുതിയറ, വയനാട് വൈത്തിരി, ഇടുക്കി ദേവികുളം ട്രഷറി ഓഫീസുകളില്‍ ഇത്തരം ഭൂഗര്‍ഭ നിലവറ ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് ട്രഷറി വകുപ്പിന്റെ പുരാവസ്തു ശേഖരത്തിലേക്ക് ഇതുമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.